ന്യൂഡൽഹി: ഇക്യുറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യയിൽ നിന്നുള്ള കപ്പൽജീവനക്കാരുടെ മോചനം അനിശ്ചിതത്വത്തിൽ. യുദ്ധക്കപ്പലിലേയ്ക്ക് മാറ്റിയ പതിനഞ്ച് ഇന്ത്യക്കാരെ വീണ്ടും തടവിലാക്കി. കപ്പൽ കമ്പനിയിൽ നിന്ന് കൂടുതൽ പണം ലഭിക്കുന്നതിനായുള്ള നീക്കമാണ് ഗിനിയയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ജീവനക്കാരെ തടങ്കലിലേയ്ക്ക് വീണ്ടും മാറ്റുകയാണെന്ന വിവരം മലയാളിയായ വിജിത്ത് വി നായർ വീട്ടിലേക്ക് വിളിച്ചറിയിച്ചിട്ടുണ്ട്.
ചരക്കു കപ്പലിൽ നിന്ന് ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരായ 15 പേരെയാണ് തടവിലാക്കിയിരിക്കുന്നത്. നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ജീവനക്കാർക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൈജീരിയയുടെ പരാതി കണക്കിലെടുത്താണ് അയൽരാജ്യമായ ഇക്യുറ്റോറിയൽ ഗിനിയ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും തടവിലാക്കുകയും ചെയ്തത്. തുടർന്ന് ഇവരുടെ പക്കൽ നിന്ന് 20 ലക്ഷം ഡോളറാണ് പിഴ ഈടാക്കിയത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് നിലവിൽ ഗിനിയയുടെ കസ്റ്റഡിയിലുള്ളത്.
ജീവനക്കാരെ മോചിപ്പിക്കാതെ പകരം നൈജീരിയയ്ക്ക് കൈമാറാൻ ഗിനിയ നീക്കം നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സഹായിക്കണമെന്ന അപേക്ഷയുമായി ജീവനക്കാർ മാദ്ധ്യമങ്ങളെയും മറ്റും സമീപിച്ചത്. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുന്നുണ്ട്.

