കോയമ്പത്തൂര്‍ സ്‌ഫോടന കേസ്: തമിഴ്നാട്ടില്‍ എന്‍ഐഎ വ്യാപക റെയ്ഡ്‌

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 45 ഇടങ്ങളിലായി എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ ഉദ്യോഗസ്ഥരെത്തി രാവിലെ 5 മുതല്‍ പരിശോധന ആരംഭിച്ചു. ചെന്നൈയില്‍ അഞ്ചിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.

അതേസമയം, ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വന്‍ സ്‌ഫോടനവും നടക്കുകയും റോഡില്‍ ജമേഷ മുബിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. സംഭവത്തില്‍ അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ജയിലിലേക്ക് അയച്ചു.

സിറ്റി പൊലീസ് ജമേഷ മുബീന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നേരത്തെ പെന്‍ഡ്രൈവ് പിടിച്ചെടുത്തിരുന്നു. ഐഎസ് ആശയം പ്രചരിപ്പിക്കുന്ന വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.