ഇന്ത്യ-ഇംഗ്ലണ്ട് സെമി ഇന്ന്‌

അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. അഡ്ലെയ്ഡ് ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് കളി.

ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ നാലാം സെമി ഫൈനലിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്റെ മികച്ച ഫോമാണ് ഇന്ത്യയുടെ പ്രധാന പ്ലസ് പോയിന്റ്. 360 ഡിഗ്രി ബാറ്റര്‍ എന്ന പേര് നേടിക്കഴിഞ്ഞ സൂര്യ ഫോം തുടര്‍ന്നാല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാകും. വിരാട് കൊഹ്ലിയും മികച്ച ഫോമിലാണ്. രാഹുല്‍ ഫോം കണ്ടെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമാണ്.

അതേസമയം, ബാറ്റിംഗില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ താളം കണ്ടെത്താത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റങ്കിലും രോഹിത് ഇന്ന് കളിക്കും.ഹാര്‍ദികില്‍ നിന്നും ബാറ്റുകൊണ്ടുള്ള സംഭാവന ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഇലവനില്‍ റിഷഭ് പന്തോ, ദിനേഷ് കാര്‍ത്തിക്കൊ എന്ന കാര്യത്തില്‍ മാത്രമാകും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുക. ഇംഗ്ലണ്ടിനെതിരെ യൂസ്വേന്ദ്ര ചഹല്‍ മികച്ച ഓപ്ഷനാണെങ്കിലും സെമിയില്‍ അങ്ങനൊരു ചൂതാട്ടത്തിന് ഇന്ത്യന്‍ ടീം മുതിരുമോയെന്ന് കണ്ടറിയണം.