ഗിനിയയില്‍ കസ്റ്റഡിയിലായ ഇന്ത്യക്കാരുടെ മോചനം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങി കേന്ദ്രം

ഗിനിയയില്‍ കസ്റ്റഡിയിലായ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങി കേന്ദ്രം. വിദേശകാര്യമന്ത്രാലയം നിയമ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നീക്കം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടന്നു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ നടപടിക്കൊരുങ്ങുന്നത്.

അതേസമയം, ഇന്ത്യക്കാരുടെ കപ്പല്‍ യാത്ര നിയമപരമെന്ന് ചൂണ്ടിക്കാട്ടുന്ന രേഖകള്‍ നൈജീരിയക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷനാണ് രേഖകള്‍ നല്‍കിയത്. ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ കമ്പനി നൈജീരിയയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

ചീഫ് ഓഫീസര്‍ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്. എല്ലാ ജീവനക്കാരുടെയും പാസ്‌പോര്‍ട്ട് ഇന്നലെ എക്വറ്റോറിയല്‍ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു.