സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അന്‍പതാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അദ്ദേഹത്തിന് 2024 നവംബര്‍ പത്ത് വരെ സ്ഥാനത്ത് തുടരാം. ജസ്റ്റിസ് യു യു ലളിതിന്റെ പിന്‍ഗാമിയാണ് ഡി.വൈ ചന്ദ്രചൂഡ്.

1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി ജസ്റ്റിസ് ചന്ദ്രചൂഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയയി. 2013 ഒക്ടോബര്‍ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ ചന്ദ്രചൂഡ്. പിതാവ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡി.വൈ. ചന്ദ്രചൂഡ് അതേ സ്ഥാനത്തെത്തുന്നത്.