തിരുവനന്തപുരം: ഷാരോണ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ, നെയ്യൂരിലെ കോളേജില് വെച്ചും ജ്യൂസ് ചലഞ്ച് നടത്തി ഷാരോണിനെ കൊല്ലാന് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്. ഷാരോണ് പഠിച്ചിരുന്ന നെയ്യൂരിലെ സി.എസ്.ഐ കോളേജില് വെച്ചായിരുന്നു ഗ്രീഷ്മയുടെ കൊലപാതകശ്രമം. ജ്യൂസില് 50-ഓളം ഡോളോ ഗുളികകള് കലര്ത്തി നല്കിയതായും ഗ്രീഷ്മ അന്വേഷണസംഘത്തിന് മൊഴി നല്കി.
ഷാരോണിനെ അപായപ്പെടുത്താനായി 50-ഓളം ഡോളോ ഗുളികകള് വാങ്ങി പൊടിച്ചശേഷം ഗ്രീഷ്മ ബാഗില് സൂക്ഷിച്ചിരുന്നു. തുടര്ന്ന് ഷാരോണിന്റെ കോളേജില് എത്തിയപ്പോള് ജ്യൂസ് വാങ്ങുകയും പിന്നീട് ശൗചാലയത്തില് കയറി കൈയിലുണ്ടായിരുന്ന ഗുളിക പൊടിച്ചത് ജ്യൂസില് കലര്ത്തുകയുമായിരുന്നു. എന്നാല് ജ്യൂസ് കുടിച്ചയുടന് ഷാരോണ് തുപ്പിക്കളയുകയാണ് ചെയ്തതെന്നും ഗ്രീഷ്മ മൊഴി നല്കി. ഗ്രീഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില് ബുധനാഴ്ച നെയ്യൂരിലെ കോളേജില് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ഗ്രീഷ്മയുമായി കഴിഞ്ഞ ദിവസം വെട്ടുകാട് പള്ളിയിലും ബീച്ചിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് ഷാരോണിനൊപ്പം പോയ സ്ഥലങ്ങളെല്ലാം ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു നല്കിയത്.

