ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നീക്കങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: ഗവർണറെ യൂണിവേഴ്‌സിറ്റി ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി ഡിസംബർ അഞ്ച് മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരുമെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്‌തേക്കമെന്നാണ് വിവരം.

ഫാലി എസ് നരിമാൻ ഉൾപ്പെടെയുള്ള പ്രമുഖരായ നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാർ നിയമ നിർമാണത്തിലേക്ക് കടക്കുന്നത്. അന്ധവിശ്വാസം തടയൽ ബില്ലടക്കമുള്ളവയും ഈ സഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സർവകലാശാല വൈസ് ചാൻസലർമാർക്ക് നേരെ ഗവർണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

എല്ലാ വിസിമാരും മറുപടി നൽകിയെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വിസിമാർക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും കോടതി നിർദ്ദേശം നൽകി. ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17ന് വീണ്ടും പരിഗണിക്കും.