സർക്കാരിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവുമില്ലാതെ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയില്ല; ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ

കൊച്ചി: സർക്കാരിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവുമില്ലാതെ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ. സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവർണറുടെ അധികാരങ്ങൾ പരിമിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷക സംഘടന നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെ കടന്നുകയറ്റമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുകയാണ്. ഈ സ്ഥാപനങ്ങൾ നിർമ്മിക്കാൻ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.