ആശ്വാസ നടപടി; കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്തു

ബംഗളൂരു: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താത്ക്കാലികമായി മരവിപ്പിച്ച കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. പകർപ്പവകാശ ലംഘന പരാതിയിൽ കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗളൂരു സിവിൽ കോടതിയാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

കെജിഎഫ് സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. വീണ്ടും കേസ് പരിഗണിക്കുന്നത് വരെയാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെ.ജി.എഫ്-2ലെ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് കേസ്. പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് എംആർടി മ്യൂസിക് പരാതി നൽകിയത്. കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകർപ്പവകാശം ലഭിക്കാൻ കോടികളാണ് തങ്ങൾ ചെലവഴിച്ചതെന്നാണ് കമ്പനി നൽകിയ പരാതിയിൽ പറയുന്നത്. ഗാനങ്ങൾ പാർട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്നും കമ്പനി അറിയിച്ചിരുന്നു.