സർവ്വകലാശാല വിഷയം; ഗവർണർ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വൈസ് ചാൻസലർമാർ

തിരുവനന്തപുരം: സർവ്വകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വൈസ് ചാൻസലർമാർ. 10 സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരാണ് ഗവർണർക്ക് മറുപടി നൽകിയത്. വിസിമാർക്ക് മറുപടി നൽകാനുള്ള സമയപരിധി ഇന്നാണ് അവസാനിച്ചത്.

യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്. വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണർ പദ്ധതിയിടുന്നത്. എന്നാൽ, കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി.

കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ഹൈക്കോടതിയെ സമീപിച്ചു. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർനടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.