ന്യൂഡൽഹി: കോൺഗ്രസിന്റെയും ഭാരത് ജോഡോയുടേയും ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി കോടതി. പകർപ്പവകാശ ലംഘന പരാതിയിൽ കോൺഗ്രസിന്റെയും ഭാരത് ജോഡോയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ബംഗളൂരു സിവിൽ കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
കെജിഎഫ് സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി അറിയിച്ചു.
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെ.ജി.എഫ്-2ലെ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് കേസ്. പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് എംആർടി മ്യൂസിക് പരാതി നൽകിയത്. കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകർപ്പവകാശം ലഭിക്കാൻ കോടികളാണ് തങ്ങൾ ചെലവഴിച്ചതെന്നാണ് കമ്പനി നൽകിയ പരാതിയിൽ പറയുന്നത്. ഗാനങ്ങൾ പാർട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്നും കമ്പനി അറിയിച്ചിരുന്നു.

