എന്നെ മേയറാക്കിയത് പാര്‍ട്ടി; പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്: ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വിവാദത്തില്‍ രാജിയില്ലെന്ന് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍.

‘രാജി എന്ന വാക്ക് വെറുതെ പറയുന്നു. എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. പാര്‍ട്ടി നല്‍കിയ ചുമതല താന്‍ നിര്‍വഹിക്കുന്നു എന്ന് മാത്രം. രാജിആവശ്യം എന്നത് തമാശ മാത്രമാണ്. പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍, സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങളെ ദ്രോഹിക്കുന്നു. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡി. ആര്‍.അനിലിന്റെ കത്ത് അദ്ദേഹത്തിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്. കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരി തെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെ’- ആര്യ വ്യക്തമാക്കി.

അതേസമയം, കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. എസ്. പി എസ് മധുസൂദനന്റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം നടക്കുക. എന്നാല്‍, സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുകയും വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ പൂട്ടിയിടുകയും ചെയ്തു. കോര്‍പ്പറേഷന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സമരവും നടക്കുന്നുണ്ട്.