ചെന്നൈ: ഹിന്ദി ചിത്രം ‘കേരളാ സ്റ്റോറി’ക്കെതിരെ പരാതി. മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസ്ഐഎസില് എത്തിച്ചെന്ന പ്രമേയമുള്ളതിനാലാണ് ചിത്രത്തിനെതിരെ പരാതി ഉയര്ന്നിരിക്കുന്നത്. സിനിമയുടെ ട്രെയിലര് കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശിയായ മാദ്ധ്യമപ്രവര്ത്തകന് സെന്സര് ബോര്ഡിന് പരാതി നല്കിയത്.
അതേസമയം, ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി കേരളത്തെ ചിത്രീകരിക്കുന്നുവെന്നും, അതിനാല് ഈ സിനിമ നിരോധിക്കണം എന്നും മാദ്ധ്യമപ്രവര്ത്തകനായ ബി ആര് അരവിന്ദാക്ഷന്റെ പരാതിയില് പറയുന്നു.
വിപുല് അമൃത് ലാല് നിര്മ്മിച്ച് സുദീപ്തോ സെന് സംവിധാനം ചെയ്ത സിനിമയാണ് ‘കേരളാ സ്റ്റോറി’. മുള്ളുവേലികള് അതിരിടുന്ന സ്ഥലത്ത് നിന്ന് ഒരു യുവതി താന് നഴ്സ് ആണെന്നും പേര് ശാലിനി ഉണ്ണികൃഷ്ണന് ആണെന്നും പറയുന്നു. മതം മാറ്റി ഇപ്പോള് ഫാത്തിമ ഭായ് എന്ന പേരിലാക്കി. അതിന് ശേഷം ഐസിസില് എത്തിച്ചു. ഇപ്പോള് താന് പാകിസ്ഥാന് ജയിലിലാണെന്നും ട്രെയിലറില് പറയുന്നുണ്ട്. ഇത്തരത്തില് 32000 സ്ത്രീകളെ മതം മാറ്റിയെന്നും ഇത് യഥാര്ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്നും സിനിമ അവകാശപ്പെടുന്നു. എന്നാല്, തെറ്റായ വിവരങ്ങളാണ് ശരിയെന്ന രീതിയില് നല്കുന്നതെന്നാണ് പരാതിയില് പറയുന്നത്.

