തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെ കടന്നുകയറ്റമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുകയാണ്. ഈ സ്ഥാപനങ്ങൾ നിർമ്മിക്കാൻ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2 ലക്ഷം തൊഴിവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴുവുകൾ ഇപ്പോഴും നിയമനം നൽകാതെ കിടക്കുകയാണ്. റെയിൽവേയിൽ തസ്തിക സൃഷ്ടിക്കുകയോ നിയമനം നൽകുകയോ ചെയ്യുന്നില്ല. സ്വകാര്യവത്കരണമല്ലാതെ ബദൽ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി നൽകുകയാണ്. കേന്ദ്രം വിൽക്കാൻ വച്ച രണ്ട് സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാന സർക്കാർ മാതൃക പരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. സംസ്ഥാന ഏറ്റെടുക്കാൻ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

