വൈസ് ചാൻസലർമാർക്ക് നേരെ ഗവർണറുടെ നടപടി ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഗവർണർക്ക് തിരിച്ചടി. സർവകലാശാല വൈസ് ചാൻസലർമാർക്ക് നേരെ ഗവർണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, എല്ലാ വിസിമാരും മറുപടി നൽകിയെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വിസിമാർക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും കോടതി നിർദ്ദേശം നൽകി. ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17ന് വീണ്ടും പരിഗണിക്കും.

ചാൻസലർ മറുപടി നൽകാൻ സമയം ചോദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നോട്ടീസ് നൽകിയിരുന്നത്.

വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വൈസ് ചാൻസലർമാർ വ്യക്തമാക്കുന്നത്.