തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. താത്ക്കാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്, മേയർ ആര്യ രാജേന്ദ്രൻ അയച്ചെന്ന പേരിൽ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച വിഷയത്തിലാണ് അന്വേഷണം നടക്കുന്നത്.
തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലായിരിക്കും കേസ് അന്വേഷണം നടത്തുന്നത്.
അതേസമയം, കത്തിനെക്കുറിച്ച് അന്വേഷിക്കാൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. കത്ത് വിവാദത്തിൽ പാർട്ടി നിർദേശപ്രകാരമാണ് മേയർ ആര്യാ രാജേന്ദ്രൻ പോലീസിൽ പരാതി നൽകുന്നതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. മേയറുടെ കത്ത് കൈയിൽ കിട്ടിയിട്ടില്ലെന്നും കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഞായറാഴ്ച പോലീസിൽ പരാതി നൽകുമെന്നും മേയർ വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് മേയറുടെ പ്രതികരണം. സിറ്റി പോലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകാനാണ് തീരുമാനം. തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പരാതി നൽകുന്നത്.

