തിരുവനന്തപുരം: കോര്പ്പറേഷന് തസ്തികകളിലേക്കുള്ള കത്ത് വിവാദത്തില് പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്.
‘മേയര് ആര്യാ രാജേന്ദ്രന് എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് മാദ്ധ്യമങ്ങള് അന്വേഷിച്ചാല് മതി. അത്തരത്തിലൊരു കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്നാല്, പാര്ട്ടി സഖാക്കള് ഉള്പ്പെട്ടിട്ടുണ്ടോ എന്ന് സിപിഎം അന്വേഷിക്കും. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അന്വേഷണം നടത്താതെ നേരത്തെ കയറി അഭിപ്രായം പറയാന് ഞാനില്ല. പൊലീസ് അന്വേഷിച്ച് ആവശ്യമായ തീരുമാനം എടുക്കും. പക്ഷേ ഞങ്ങളുടെ പാര്ട്ടിയില് ആരോപണം ഉണ്ടായാല് അത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്ക്കുണ്ട്. പാര്ട്ടി സഖാക്കളുടെ തെറ്റ് തിരുത്തേണ്ട ചുമതല ഞങ്ങളുടേതാണ്. അഴിമതിക്കെതിരെ നടപടികള് എടുക്കുന്ന മേയറെ അഴിമതിക്കാരിയാക്കാനാണ് മാദ്ധ്യമങ്ങള് ശ്രമിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്ക്ക് ഇന്ധനമാകുന്നത് മാദ്ധ്യമങ്ങളാണ്. മാദ്ധ്യമങ്ങള് നഗരസഭയ്ക്കെതിരായി ആരോപണങ്ങള് പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ കൈ ശുദ്ധമാണ്. അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില് ജനങ്ങള് ഇടതുപക്ഷത്തിനെ വീണ്ടും ജയിപ്പിച്ചത്’- ആനാവൂര് നാഗപ്പന് വ്യക്തമാക്കി.

