ടി-20 ലോകകപ്പ് സൂപ്പര് 12ലെ അവസാന കളിയില് സിംബാബ്വെക്കെതിരെ ഇന്ത്യക്ക് 71 റണ്സിന്റെ വമ്പന് ജയം. ഇന്ത്യ ഉയര്ത്തിയ 187 റണ്സ് വിജയ ലക്ഷ്യം പിന്തുടര്ന്ന സിംബാബ്വെക്ക് 115 റണ്സേ എടുക്കാനായുള്ളൂ. 17.2 ഓവറില് എല്ലാവരും പുറത്താകുകയായിരുന്നു. തകര്പ്പന് അര്ധ സെഞ്ച്വറി നേടിയ സൂര്യകുമാര് യാദവാണ് കളിയിലെ താരം. അശ്വിന് നാലോവറില് 22 റണ്സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
സിംബാബ്വെ നിരയില് സിക്കന്ദര് റാസയും റ്യാന് ബേളും മാത്രമാണ് അല്പ്പമെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യന് ബൗളര്മാരെ നിര്ഭയം നേരിട്ട റാസ 24 പന്തില് മൂന്ന് ബൗണ്ടറിയുടെ സഹായത്തോടെ 34 റണ്സ് നേടി. 22 പന്തില് 35 റണ്സാണ് ബേള് നേടിയത്. 36ന് അഞ്ച് എന്ന നിലയില് പതറി നിന്ന സിംബാബ്വെയെ കരകയറ്റിയത് ഇരുവരുടെയും ഇന്നിങ്സുകളാണ്. മറ്റു ബാറ്റര്മാര്ക്കൊന്നും കാര്യമായ സംഭാവന നല്കാനായില്ല. നിശ്ചിത 20 ഓവറില് അഞ്ചു വിക്കറ്റ് നഷ്ടത്തില് 186 റണ്സാണ് ടീം ഇന്ത്യ നേടിയത്. സൂര്യയുടെയും (25 പന്തില് 61) ഓപണര് കെഎല് രാഹുലിന്റെയും (35 പന്തില് 51) ഇന്നിങ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ബൗളര്മാര് മികച്ച തുടക്കമാണ് സിംബാബ്വെക്ക് നല്കിയത്. ആദ്യ ഓവറില് ഇന്ത്യക്ക് റണ്ണൊന്നുമെടുക്കാനാകില്ല. 13 പന്തില് 15 റണ്സെടത്തു നില്ക്കവെ നായകന് രോഹിത് ശര്മ്മയും പുറത്തായത്. വണ് ഡൗണായെത്തിയ കോലി സൂക്ഷ്മതയോടെ കളിച്ചെങ്കിലും 26 റണ്സ് എടുത്തു നില്ക്കവെ വീണു. അര്ധ സെഞ്ച്വറി പൂര്ത്തിയാക്കിയതിന് പിന്നാലെ രാഹുലും പുറത്തായി. ഈ ലോകകപ്പില് കിട്ടിയ ആദ്യത്തെ അവസരം മുതലാക്കാന് റിഷഭ് പന്തിനായില്ല. മൂന്നു പന്തില് അഞ്ചു റണ്സാണ് വിക്കറ്റ് കീപ്പര് നേടിയത്. പിന്നീടെത്തിയ സൂര്യകുമാര് യാദവ്, ഹര്ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നിറഞ്ഞാടുകയായിരുന്നു.

