തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന് മയോസൈറ്റിസ് ബാധിച്ചുവെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ആരാധകരെയെല്ലാം ഞെട്ടലിലാക്കിയ വാർത്തയായിരുന്നു ഇത്. എന്താണ് മയോസൈറ്റിസ് എന്ന് പലർക്കും അറിയില്ല. ഈ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
പേശികളെ ബാധിക്കുന്ന ഒരു വീക്കമാണ് മയോസൈറ്റിസ്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും ഈ രോഗം ബാധിക്കും. ഈ രോഗം ബാധിച്ചവർക്ക് എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും മയോസൈറ്റിസ് രോഗം ബാധിക്കാനിടയുണ്ട്.
ശരീരത്തിന്റെ ഏതു ഭാഗത്തുള്ള മസിലുകളെയും അതായത്, കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം രോഗം ബാധിക്കും. ശരീരത്തിലെ പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം.
ശ്വസിക്കാനും ഭക്ഷണം കഴിക്കാനും ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പേശികളുടെ ബലക്കുറവ്, ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഇരിക്കാനും നിൽക്കാനും പ്രയാസം, കൂടാതെ തല ഉയർത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. പോളി മയോസൈറ്റിസ്, ഡെർമാമയോസൈറ്റിസ് തുടങ്ങി രണ്ട് തരത്തിലുള്ള മയോസൈറ്റിസുകളാണ് ഉള്ളത്.
തോൾ, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും പോളിമയോസൈറ്റിസ് ബാധിക്കുക. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഈ രോഗം 30 വയസിനും 60 വയസിനുമിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. പേശിക്കുണ്ടാകുന്ന ബലക്കുറവ്, പേശി വേദന, ക്ഷീണം, വീണതിന് ശേഷം എഴുന്നേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ട് തോന്നുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തോന്നുക, സന്തോഷക്കുറവും വിഷാദവും അനുഭവപ്പെടുക എന്നിവയാണ് പോളി മയോസൈറ്റിസിന്റെ ലക്ഷണങ്ങൾ.
ശരീരത്തിലെ നിരവധി പേശികളെ ബാധിക്കുന്ന ഡെർമാമയോസൈറ്റിസ് ത്വക്കിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകത. സ്ത്രീകളിലും കുട്ടികളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. രക്ത പരിശോധനയിലൂടെയും എംആർഐ സ്കാൻ, ഇഎംജി തുടങ്ങിയ പരിശോധനകൾ നടത്തുന്നതിലൂടെ രോഗബാധ കണ്ടെത്താം.

