കത്ത് തയ്യാറാക്കുകയോ താൻ ഒപ്പിടുകയോ ചെയ്തിട്ടില്ല; നിയമന വിവാദത്തിൽ വിശദീകരണവുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ വിശദീകരണം. കത്ത് തയ്യാറാക്കുകയോ താൻ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

കത്ത് ആരാണുണ്ടാക്കിയതെന്നും ഷെയർ ചെയ്തതെന്നും അന്വേഷിക്കണമെന്നും ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കത്തിന്റെ ഉറവിടം അന്വേഷിക്കണം. ലെറ്റർ പാഡ് വ്യാജമാണോയെന്നും അന്വേഷിക്കണം. നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. ഓഫീസ് ജീവനക്കാരെ സംശയിക്കുന്നില്ലെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ ലെറ്റർപാഡിൽ നിന്ന് കത്ത് പോയത്. നഗരസഭാ ആരോഗ്യ വിഭാഗത്തിൽ 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.