ഗവർണറുടെ നോട്ടിസിന് മറുപടി നൽകി മലയാളം സർവകലാശാലാ വൈസ് ചാൻസലർ

കോഴിക്കോട്: പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നോട്ടിസിന് മറുപടി നൽകി മലയാളം സർവകലാശാലാ വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ. തപാൽ മാർഗമാണ് മറുപടി കത്തയച്ചതെന്ന് അദ്ദേഹം പറഞ്ഞു. രേവതി പട്ടത്താനത്തിന്റെ ഭാഗമായുള്ള കൃഷ്ണഗീതി പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് മറുപടി നൽകിയ കാര്യം അദ്ദേഹം പറഞ്ഞത്.

അക്കാദമിക് മികവുകൾ പരിഗണിക്കുമ്പോൾ വിസിയായിരിക്കാൻ തനിക്ക് എല്ലാവിധ യോഗ്യതയുമുണ്ടെന്നുള്ളതാണ് മറുപടി കത്തിലെ ഉള്ളടക്കം. അതേസമയം, ഉള്ളടക്കം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അനിൽ വള്ളത്തോൾ വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസിൽ ഗവർണർക്ക് മറുപടി അറിയിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.

അതേസമയം, സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള നടപടികളുമായി സിപിഎം മുന്നോട്ട് പോകുന്നുണ്ട്. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് സാധ്യത.

സർവ്വകലാശാല വിഷയത്തിൽ ഗവർണറും സംസ്ഥാന സർക്കാരുമായുള്ള പോര് കനക്കുന്നതിനിടെയാണ് സിപിഎം ഇത്തരത്തിലൊരു നിർണായക നീക്കം നടത്തുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കേണ്ടത് അനിവാര്യമായ ഒന്നാണെന്ന് സിപിഎം വിലയിരുത്തുന്നു. ഗവർണർ ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും പാർട്ടി തീരുമാനിച്ചു.