അബ്ദുൾ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തിനുള്ളിൽ വസ്ത്രം മാറ്റി പരിശോധിച്ച സംഭവം; അന്വേഷണം ആരംഭിച്ച് കസ്റ്റംസ് കമ്മീഷണർ

തിരുവനന്തപുരം: അബ്ദുൾ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തിനുള്ളിൽ വസ്ത്രം മാറ്റി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് കമ്മീഷണറാണ് അന്വേഷണം നടത്തുന്നത്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കമ്മീണർക്ക് എംപി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തിയെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.

കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് കമ്മീഷണർ വിശദീകരണം തേടുകയും ചെയ്തു. അതേസമയം,എംപിയുടെ മകനെ പരിശോധിച്ചത് ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരുന്നത് കൊണ്ടാണെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം. യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എംപിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നിരുന്നുവെന്നും എക്‌സ്‌റേ പരിശോധനക്ക് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചുവെന്നും കസ്റ്റംസ് വിശദമാക്കുന്നു.