തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സിപിഎം അടിയന്തര യോഗം വിളിച്ച് ചേർത്തു. വിഷയത്തിൽ ചർച്ച നടത്താനായി ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും തിങ്കളാഴ്ച്ച യോഗം ചേരും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, കത്ത് വിവാദത്തിൽ പാർട്ടി നിർദേശപ്രകാരമാണ് മേയർ ആര്യാ രാജേന്ദ്രൻ പോലീസിൽ പരാതി നൽകുന്നതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. മേയറുടെ കത്ത് കൈയിൽ കിട്ടിയിട്ടില്ലെന്നും കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഞായറാഴ്ച പോലീസിൽ പരാതി നൽകുമെന്നും മേയർ വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് മേയറുടെ പ്രതികരണം. സിറ്റി പോലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകാനാണ് തീരുമാനം. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പരാതി നൽകുന്നത്.
മേയറോ മേയറുടെ ഓഫീസോ ഇത്തരത്തിലൊരു കത്ത് നൽകിയിട്ടില്ല. ഇത്തരമൊരു പതിവില്ല. മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും ആര്യാ രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. നഗരസഭയെയും മേയറെയും ഇകഴ്ത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണം ഉയർന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
എന്നാൽ, കോർപറേഷനിലെ പ്രശ്നങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനാണ് ബി ജെ പിയുടെ തീരുമാനം. 35 കൗൺസിലർമാരും ഗവർണറെ നേരിട്ടു കാണുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് വ്യക്തമാക്കി.

