അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കുന്ന സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അച്ഛനില്ലാത്ത 522 പെൺകുട്ടികളുടെ വിവാഹമാണ് നടക്കുന്നത്. പാപ്പ നി പരി എന്ന ലഗ്നോത്സവത്തിന്റെ ഭാഗമായാണ് ഭാവ്നഗറിൽ സമൂഹ വിവാഹം നടക്കുന്നത്.
ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമൂഹ വിവാഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇത്തവണയും ഗുജറാത്തിൽ അധികാരത്തിലേറാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. അതേസമയം, വൽസാദ് ജില്ലയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒന്നിന് ആദ്യഘട്ടവും അഞ്ചിന് രണ്ടാം ഘട്ടവും നടക്കും. ഡിസംബർ 8 നാണ് വോട്ടെണ്ണൽ 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. ഡിസംബർ ഒന്നിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 14 വരെ ആദ്യഘട്ട മത്സരത്തിന് നാമനിർദ്ദേശ പത്രിക നൽകാം. 17 വരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ അവസരം. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനായി 17 വരെ പത്രിക സ്വീകരിക്കും. 21 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ അവസരമുണ്ട്.

