ജോലി ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക ഒഴിവുകളെ സംബന്ധിച്ച് വിവാദമായ കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയതാണ്. ജോലി ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുക? കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. കത്ത് തയ്യാറാക്കിയവരെ കണ്ടുപിടിച്ചോട്ടെ. 295 തസ്തികകളിലേക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മേയര്‍ കോഴിക്കോടുനിന്ന് വന്നു കൊണ്ടിരിക്കുകയാണ്. മേയറെ കാണുന്നതോടെ ബിജെപി നിലപാടുമാറ്റും’- എം.വി ഗോവിന്ദന്‍ പറഞ്ഞു.