ഗുവാഹത്തി: ഐ.എസ്.എല്ലില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്ക് തകര്ത്ത് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്.
പകരക്കാരനായെത്തിയ സഹല് അബ്ദുള് സമദിന്റെ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ഗംഭീരജയമൊരുക്കിയത്. ദിമിത്രിയോസ് ഡയമന്റാകോസ് ഒരു ഗോള് നേടി.ഒരു അസിസ്റ്റുള്പ്പെടെ തകര്പ്പന് പ്രകടനവുമായി കളം നിറഞ്ഞ കെ.പി രാഹുലിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തില് നിര്ണായകമായി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളും നേടിയത്. നോര്ത്ത് ഈസ്റ്റിന്റെ അഞ്ചാം തോല്വിയാണിത്. രണ്ടാം ജയത്തോടെ അഞ്ച് കളിയില് നിന്ന് ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില് ഏഴാമതെത്തി. 13ന് എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചിയില് നേരിടും.

