സസ്പെന്ഡ് ചെയ്തവരുടെ അക്കൗണ്ട് അണ്ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റര് അറിയിച്ചു. വേറിട്ട കാഴ്ചപ്പാടുകളുള്ളവരെ ഉള്ക്കൊള്ളിച്ച് ‘കണ്ടന്റ് മോഡറേഷന് കൗണ്സില്’ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം എലോണ് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. കൗണ്സിലിന്റെ പ്രധാന പ്രവര്ത്തനങ്ങളിലൊന്നാണ് അക്കൗണ്ട് അണ്ബ്ലോക്ക് ചെയ്യല്. കൗണ്സിലിന്റെ സഹായത്തോടെയല്ലാതെ കണ്ടന്റ് മോഡറേഷനെക്കുറിച്ചോ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള് പുനസ്ഥാപിക്കുന്നതിനെക്കുറിച്ചോ ഉള്ള പ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
അതേസമയം, മുന് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഉള്പ്പെടെയുള്ള വിവാദ ഉപയോക്താക്കളുടെ അക്കൗണ്ട് അണ്ബ്ലോക്ക് ചെയ്യുക എന്നത് അത്ര പെട്ടെന്ന് സംഭവിക്കില്ല എന്നാണ് റിപ്പോര്ട്ട്. സംസാര സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമായാണ് ഇത്തരം അക്കൗണ്ട് നിരോധനങ്ങളെ താന് കാണുന്നതെന്ന് മസ്ക് പറഞ്ഞു. കൂടാതെ അദ്ദേഹം ട്വിറ്ററിനെ ഒരു ഡിജിറ്റല് ‘പബ്ലിക് സ്ക്വയര്’ ആയാണ് വിഭാവനം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് എലോണ് മസ്ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. കരാര് ഒപ്പിട്ട ഉടന്, ട്വിറ്റര് ചീഫ് എക്സിക്യൂട്ടീവ് പരാഗ് അഗര്വാള്, ചീഫ് ഫിനാന്ഷ്യല് ഓഫീസര് നെഡ് സെഗാള്, നിയമകാര്യ, നയ മേധാവി വിജയ ഗദ്ദെ എന്നിവരുള്പ്പെടെയുള്ള ഉന്നത എക്സിക്യൂട്ടീവുകളെ അദ്ദേഹം പുറത്താക്കി. പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തില് അവര് തന്നെയും ട്വിറ്റര് നിക്ഷേപകരെയും തെറ്റിദ്ധരിപ്പിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു.

