തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കോർപ്പറേഷനിലെ മുൻ കൗൺസിലർ. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താത്ക്കാലിക നിയമനങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
കരാർ നിയമനത്തിന് പാർട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് പരാതി ഉയർന്നത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലെഴുതിയ കത്താണ് പുറത്തുവന്നിട്ടുള്ളത്.
അതേസമയം, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മേയർ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

