ന്യൂഡൽഹി: സംസ്ഥാനത്തെ പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേരളം. ക്വാറി ഉടമകൾ നൽകിയ ഹർജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. കാർഷിക ആവശ്യങ്ങൾക്കും, വീട് വയ്ക്കാനും ആയി നൽകുന്ന പട്ടയ ഭൂമികൾ മറ്റ് ആവശ്യങ്ങൾക്ക് എങ്ങനെ കൈമാറാൻ കഴിയുമെന്ന് സുപ്രീം കോടതി ഹർജി പരിഗണിക്കവെ ചോദിച്ചു.
സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ വശങ്ങളും പരിഗണിയ്ക്കേണ്ടതുണ്ടെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു. കാർഷിക ഭൂമി ഒഴികെയുള്ള പട്ടയ ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരും എന്ന സൂചനയാണ് സർക്കാർ സ്റ്റാന്റിംഗ് കോൺസൽ സി കെ ശശി സുപ്രീം കോടതിയിൽ നൽകിയത്.
എല്ലാ പട്ടയ ഭൂമിയും ഒരു പോലെ കണക്കാക്കാൻ കഴിയില്ലെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ കെ വി വിശ്വനാഥൻ, വി ഗിരി എന്നിവർ ചൂണ്ടിക്കാട്ടി. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മിൽ ഒത്ത് കളിക്കുക ആണെന്ന് പരിസ്ഥിതി പ്രവർത്തകർക്കായി ഹാജരായ അഭിഭാഷാകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

