ബെംഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കേസ്. കെജിഎഫ് 2ലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംആർടി മ്യൂസിക്കാണ് രാഹുലിനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെ.ജി.എഫ്-2ലെ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് കേസ്. പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് എംആർടി മ്യൂസിക് പരാതി നൽകിയത്. കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകർപ്പവകാശം ലഭിക്കാൻ കോടികളാണ് തങ്ങൾ ചെലവഴിച്ചതെന്നാണ് കമ്പനി നൽകിയ പരാതിയിൽ പറയുന്നത്. ഗാനങ്ങൾ പാർട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.
പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. പകർപ്പവകാശ നിയമത്തിലെയടക്കം വകുപ്പുകൾ ചുമത്തിയാണ് നേതാക്കൽക്കെതിരെ കേസെടുത്തിട്ടുള്ളത്. നിയമപരമായ അവകാശം ഉറപ്പിക്കാൻ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി വിശദമാക്കിയിട്ടുണ്ട്.

