XBB വകഭേദം ചില രാജ്യങ്ങളിലെങ്കിലും പുതിയ കോവിഡ് തരംഗം സൃഷ്ടിച്ചേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ജനങ്ങൾ. ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള XBB ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും പുതിയ കോവിഡ് തരംഗത്തിന് കാരണമായി വരാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിസാരം, പനി, കുളിര്‍, തീവ്രമായ ക്ഷീണം, തൊണ്ട വേദന, ശ്വാസംമുട്ടല്‍, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയാണ് ഒമിക്രോണ്‍ XBB വകഭേദത്തിന്‍റെ പ്രധാന ലക്ഷണൾ.

ഒമിക്രോണ്‍ ബിജെ1, ബിഎ 2.75 ചേര്‍ന്നുണ്ടായ XBB അതിവേഗം പടരുന്ന വകഭേദമാണ്. പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരിൽ വരെ ഈ വകഭേദം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. മോണോക്ലോണല്‍ ആന്‍റിബോഡി ചികിത്സയുടെ കാര്യക്ഷമതയെയും XBBക്ക് ബാധിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. ഓഗസ്റ്റില്‍ സിംഗപ്പൂരിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്.

XBB വകഭേദം മൂലം ചില രാജ്യങ്ങളിലെങ്കിലും പുതിയ കോവിഡ് തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഓരോ തവണയും ജനിതകവ്യതിയാനം സംഭവിച്ച് പുതിയ വകഭേദമുണ്ടാകുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ രോഗവ്യാപനശേഷി നേടുകയാണ്. ആന്‍റിബോഡികളോട് പൊരുതി പെട്ടെന്ന് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള കഴിവ് ഇവ കൂടുതലായി ആര്‍ജ്ജിച്ചെടുത്തിരിക്കും. XBBയുടെ കാര്യവും സമാനം തന്നെ. അതിനാല്‍ ചില രാജ്യങ്ങളിലെങ്കിലും ഇത് പുതിയ കോവിഡ് തരംഗം സൃഷ്ടിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ്‌ ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചു.