തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനിലെ താല്ക്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവര്ത്തകരെ തിരുകിക്കയറ്റാന് ശ്രമം. കോര്പ്പറേഷനില് 295 ഒഴിവുകള് ഉണ്ടെന്ന് വ്യക്തമാക്കി മേയര് ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് അയച്ച കത്ത് പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ മാസം ഒന്നിന് മേയറുടെ ഔദ്യോഗിക ലെറ്റര്പാഡില് അയച്ച കത്ത് ചില പാര്ട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്തായത്.
‘സഖാവേ’ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. ഒഴിവുകളിലേയ്ക്കുള്ള മുന്ഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില് നിന്ന് നല്കണമെന്നും കത്തില് ചൂണ്ടിക്കാട്ടുന്നു. കോര്പറേഷനു കീഴിലുള്ള അര്ബന് പ്രൈമറി ഹെല്ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.
അതേസമയം, കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നത്. അവസാന തീയതി ഉള്പ്പെടെയുള്ള വിവരങ്ങള് മേയര് ഒപ്പിട്ട കത്തിലുണ്ട്. മേയര് നടത്തിയത് സത്യപ്രതിജ്ഞഘനമാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്ത്തുന്നുണ്ട്.

