തിരുവനന്തപുരം: കേരളത്തില് ഇന്ന് മുതല് മൂന്ന് ദിവസം വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള് ഉള്ക്കടലില് ശ്രീലങ്കന് തീരത്തിനു സമീപം ന്യൂന മര്ദ്ദം രൂപപ്പെട്ടേക്കുമെന്നും അറിയിപ്പുണ്ട്.
അതേസമയം, കേരളാ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാല് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില് 115.6 മില്ലിമീറ്റര് മുതല് 204.4 മില്ലീമീറ്റര് വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കണ്ണൂരും കാസര്ഗോഡും ഗ്രീന് അലേര്ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില് യെല്ലാ അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില് 64.5 mm മുതല് 115.5 മില്ലീമീറ്റര് വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ കണ്ണൂര്, കാസര്കോട് ഒഴികെയുള്ള ജില്ലകളില് യെല്ലോ അലേര്ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് ഞായറാഴ്ച യെല്ലോ അലേര്ട്ടാണ്.
മലയോര മേഖലകളില് ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല് കഴിഞ്ഞ ദിവസങ്ങളില് ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില് ഓറഞ്ച് അലേര്ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് നിര്ദ്ദേശമുണ്ട്.

