ന്യൂഡൽഹി: ശ്രീലങ്ക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ഡിസംബറിൽ രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) 2.9 ബില്യൻ യുഎസ് ഡോളറിന്റെ സഹായം ലഭിക്കണമെങ്കിൽ ചൈനയുടേത് ഉൾപ്പെടെ കടം തിരികെക്കൊടുക്കുന്നതിനു രൂപരേഖ തയാറാക്കണമെന്ന് നേരത്തെ നിബന്ധന വച്ചിരുന്നു. എന്നാൽ 20-ാം പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ചൈന ഇതുവരെ ഇതുസംബന്ധിച്ച ചർച്ചകൾക്ക് സമയം കണ്ടെത്തിയിട്ടില്ല.
അടുത്ത വർഷം മാർച്ചിലാണ് ഐഎംഎഫിന്റെ അടുത്ത യോഗം. ഇനി അപ്പോൾ മാത്രമെ ശ്രീലങ്കയ്ക്ക് ധനസഹായം ലഭിക്കാൻ സാധ്യതയുള്ളുവെന്നാണ് വിവരം. ഫൊറക്സ് വിലയിടിവ്, സാമ്പത്തിക മാന്ദ്യം, ധനക്കമ്മി തുടങ്ങിയവ കൊണ്ട് ലങ്കയുടെ കടം വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും ജപ്പാനിൽ നിന്നും കടം വാങ്ങിയ സ്ഥാപനങ്ങളുമായി കൊളംബോ ചർച്ച നടത്തുന്നുണ്ട്. തിരിച്ചടവിന്റെ രൂപരേഖയും തയാറാക്കിയിട്ടുണ്ട്. 1.7 ബില്യൻ യുഎസ് ഡോളറിന്റെ കടമാണ് ഇന്ത്യയുമായി ശ്രീലങ്കയ്ക്ക് ഉള്ളത്. അടുത്ത ഐഎംഎഫ് യോഗം വരെ ലങ്കയ്ക്കു പിടിച്ചുനിൽക്കണമെങ്കിൽ 850 ദശലക്ഷം യുഎസ് ഡോളറാണ് വേണ്ടത്. ഈ പണം സ്വരൂപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജൂലൈ ഓഗസ്റ്റിൽ കണ്ടതുപോലെ വലിയ പ്രതിഷേധങ്ങൾ ശ്രീലങ്കയിൽ ഉണ്ടായേക്കാനിടയുണ്ട്.

