വിഴിഞ്ഞം സമരം: കേന്ദ്ര സേന ഇടപെടുന്നു?

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ കേന്ദ്ര സേന ഇടപെടാനൊരുങ്ങുന്നു. തുറമുഖ നിര്‍മ്മാണം തടസ്സപ്പെട്ട സാഹചര്യത്തില്‍ അദാനി പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഫലമായാണ് സൈനിക ഇടപെടല്‍. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയ്ക്ക് സുരക്ഷ കൈമാറണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. താമസിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തേക്കും. കേരളത്തിലേയും ഡല്‍ഹിയിലേയും പ്രധാന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തി പൊലീസ് മേധാവിയുമായി വിശദമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളാ പൊലീസിനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടിയാകും കേന്ദ്ര സേന സ്വീകരിക്കുക. സര്‍ക്കാരും ഹൈക്കോടതിയുടെ അനുമതിയോടെ എല്ലാം കേന്ദ്ര സേനയെ എല്‍പ്പിക്കാനൊരുങ്ങുകയാണ്.

അതേസമയം, തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള സമരം രാജ്യവിരുദ്ധമാണെന്നും നിര്‍മ്മാണം നിര്‍ത്തി വെക്കുന്നത് രാജ്യത്തെ ബാധിക്കുമെന്നും മന്ത്രി വി.അബ്ദു റഹ്മാന്‍ നേരത്തെ ആരോപിച്ചിരുന്നു. രാജ്യ താത്പര്യത്തെ എതിര്‍ക്കുന്ന സമരം പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കുക, സംഘം ചേരല്‍, സഞ്ചാര സ്വാതന്ത്ര്യം തടയുക, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുക, മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുക തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ന്നാണ് ഇപ്പോള്‍ സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 102 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമേ കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയ വാഹനങ്ങള്‍ക്കെതിരെയും പൊലീസ് നോട്ടീസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പൊലീസ് നിലപാട്. സമരക്കാരെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.