ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി 16 ദിവസം കൂടി

ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി 16 ദിവസം കൂടി. നവംബര്‍ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ നേരിടുന്നതോടെ ഫിഫ ലോകകപ്പിന് തുടക്കമാവും. ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.

നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോല്‍വിയറിയാതെ കുതിക്കുന്ന സൂപ്പര്‍താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകള്‍. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് കാലിടറുന്ന പതിവ് ഖത്തറില്‍ മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. നാല് ടീമുകള്‍ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്.

30 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. ടിക്കറ്റും ഹയ്യാ കാര്‍ഡുമുള്ളവര്‍ക്ക് മാത്രമാണ് ലോകകപ്പ് കാലത്ത് ഖത്തറിലേക്ക് പ്രവേശനം. ടൂര്‍ണമെന്റിന് മുന്‍പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ഫിഫ സംഘത്തിന് പൂര്‍ണതൃപ്തിയാണ്. വൈകിട്ട് 3.30 മുതല്‍ രാത്രി 12.30 വരെയുള്ള സമയങ്ങളിലാണ് കിക്കോഫ്.