ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള നടപടികളുമായി സിപിഎം

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള നടപടികളുമായി സിപിഎം. ഗവർണറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുൻപ് പലതവണ ഉന്നയിച്ചിരുന്നു. അതിനാൽ തന്നെ തീരുമാനവുമായി മുന്നോട്ട് പോകാനാണ് എൽഡിഎഫിന്റെ തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിലാണ് സിപിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കണോ, ഓർഡിനൻസായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളിൽ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയിൽ എൽഡിഎഫ് വിശദമായ ചർച്ചകൾ നടത്തും.

സംസ്ഥാന സമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടാകുകയെന്നാണ് വിവരം. അതേസമയം, പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പാർട്ടിയിൽ വിശദീകരണം നൽകി. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.