തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്തി വിശദീകരണം നൽകിയത്. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിപ്പിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണയായെന്നാണ് വിവരം. നാളത്തെ സംസ്ഥാന കമ്മിറ്റിയ്ക്ക് മുൻപ് വിവാദം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നേരത്തെ അറിയിച്ചിരുന്നു. ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ലെന്നും പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ യുവജന സംഘടനകൾ ഇതിനെ എതിർത്തു. അവരുടെ എതിർപ്പ് തെറ്റെന്ന് പറയാനാവില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സർക്കാർ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടുതന്നെയാണ് അതു പിൻവലിക്കേണ്ടി വന്നത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്നു തന്നെയാണ് പാർട്ടി നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

