കൊച്ചി: സംസ്ഥാനത്ത് എന്എസ്എസിന്റേയും എസ്എന്ഡിപിയുടേയും കോളേജുകളില് എസ്എഫ്ഐ നടത്തുന്നത് അച്ചടക്കമില്ലാത്ത പ്രവര്ത്തനമാണെന്ന വിമര്ശനവുമായി എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളാ നവോത്ഥാന സമിതി യോഗത്തിലായിരുന്നു വെള്ളാപ്പള്ളി എസ്.എഫ്.ഐക്കെതിരെ വിമര്ശനം ഉന്നയിച്ചത്.
‘ഇവിടെ എന്തും ആകാം എന്ന ചിന്തയാണ്. ന്യൂനപക്ഷങ്ങളുടെ കോളേജുകളിലേക്കെത്തിയാല് ഇക്കൂട്ടര്ക്ക് മികച്ച അച്ചടക്കമാണുള്ളത്. വിദ്യാലയങ്ങളിലെ ലഹരിയുടെ ഉപയോഗം ഇന്ന് കൂടി വരികയാണ്. ഇതിനെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ല. കായികമായി നേരിടേണ്ടി വന്നാല് പോലും ആ രീതിയില് അതിനെ നേരിടണം. പലപ്പോഴും കിടപ്പറകളിലെന്ന പോലെയാണ് വിദ്യാര്ത്ഥികള് കോളേജുകളില് പെരുമാറുന്നത്. ഇത് ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അദ്ധ്യാപകര്ക്ക് കഴിയുന്നില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.

