കോട്ടയം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാനത്തെ ദേശീയപാതാ വികസനം 2025 ഓടു കൂടി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എംസി റോഡ് വികസനം കിഫ്ബി സഹായത്തോടെ നടപ്പാക്കാനും കേരളത്തിലെ പ്രധാനപ്പെട്ട 20 ജംക്ഷനുകൾ വികസിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമാണം പൂർത്തീകരിച്ച പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡ് നാടിന് സമർപ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോട്ടയം ജില്ലയ്ക്കു പ്രത്യേക പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എംസി റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് എൻഎച്ച് 183ൽ മണർകാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടത്തിനു 12.60 കോടി രൂപ ചെലവായി. ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ എംസി റോഡിലെ ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ ദീർഘദൂരയാത്രക്കാർക്കു സഞ്ചരിക്കാനാവും.
അതേസമയം, സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് റിയാസ് വ്യക്തമാക്കിയിരുന്നു. കോതമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച നങ്ങേലിപ്പടി – ചെറുവട്ടൂർ 314 കോളനി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നങ്ങേലിപ്പടി – ചെറുവട്ടൂർ റോഡിന്റെ നവീകരണം കോതമംഗലത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. ഇത്തരത്തിൽ സംസ്ഥാനത്തെ പരമാവധി റോഡുകളും നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സുതാര്യവും സമയബന്ധിതവുമായി പദ്ധതികൾ പൂർത്തീകരിക്കുക എന്ന നയത്തിലൂന്നിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആലുവ – മൂന്നാർ റോഡിലെ പെരുമ്പാവൂർ പട്ടാൽ മുതൽ കോതമംഗലം വരെ ബി.എം & ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 11.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികച്ച നിലവരത്തിലാക്കണം എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. നങ്ങേലിപ്പടി – ചെറുവട്ടൂർ 314 കോളനി റോഡ് മൂന്നരക്കോടി രൂപ ചെലവിലാണ് ആധുനിക നിലവാരത്തിൽ (ബി.എം & ബി.സി) നവീകരിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടുകയും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കുകയും സംരക്ഷണ ഭിത്തികൾ കെട്ടുകയും മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

