നടി ആക്രമിക്കപ്പെട്ട കേസ്: 36 സാക്ഷികള്‍ക്ക് സമന്‍സ്; വിചാരണ നവംബര്‍ 10ന് പുനരാരംഭിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികള്‍ക്ക് സമന്‍സ് അയച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വിചാരണ നവംബര്‍ 10 ന് പുനരാരംഭിയ്ക്കും.

അതേസമയം, മഞ്ജു വാര്യര്‍ അടക്കമുള്ള മൂന്ന് സാക്ഷികള്‍ക്ക് തല്‍ക്കാലം സമന്‍സില്ല. ഒരു വട്ടം വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രത്യേക അപേക്ഷ നല്‍കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായി സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ 97 സാക്ഷികളില്‍ 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു. നടി മഞ്ജു വാര്യര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, രഞ്ജു രഞ്ജിമാര്‍, സാഗര്‍ വിന്‍സന്റ്, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍ തുടങ്ങിയവരാണ് ആദ്യം വിസ്തരിക്കേണ്ടവരുടെ പട്ടികയിലുള്ളത്. പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ സജിത്തിനെയാണ് ആദ്യം വിസ്തരിക്കുന്നത്.

കേസില്‍ 220 സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിന്റെ വിസ്താരം ബാക്കിനില്‍ക്കെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.