അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുത്; പ്രധാനമന്ത്രി

ന്യൂഡൽഹി: അഴിമതിക്കാർക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാർക്ക് രാഷ്ട്രീയവും സാമൂഹികവുമായ സംരക്ഷണം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി വിജ്ഞാൻ ഭവനിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ബോധവത്കരണ വാരാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അഴിമതി ഒരു തിന്മയാണ്. അതിൽ നിന്ന് നാം വിട്ടുനിൽക്കണം. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ റാങ്കിംഗ് നടത്തണമെന്ന ആവശ്യവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ തക്ക സമയത്ത് തീർപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

അതേസമയം, കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവിസി) പുതിയ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം പോർട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി നൽകാൻ ജനങ്ങളെ സഹായിക്കുന്നതാണ് പുതിയ പരാതി സംവിധാനം.