വിസിയാകാനുള്ള യോഗ്യതകൾ തനിക്കുണ്ട്; ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്ന് വി പി മഹാദേവൻ പിള്ള

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കേരള മുൻ വിസി ഡോ. വി പി മഹാദേവൻ പിള്ള. വിസിയാകാനുള്ള യോഗ്യതകൾ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ ഇല്ല.

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നോട്ടീസിന് മറുപടി നൽകാതെയാണ് 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചത്. ആറ് വൈസ് ചാൻസലർമാരും കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച ഡോ. മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

വൈസ് ചാൻസലർമാർക്കെതിരെ നടപടി കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.. എട്ട് വിസിമാർക്കെതിരെയാണ് ഗവർണർ നടപടി കടുപ്പിച്ചത്. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് ഗവർണറുടെ തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം.

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് എട്ട് വിസിമാരുടേയും നിയമനം നടന്നിട്ടുള്ളതെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്.