സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെങ്കില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.

‘നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെങ്കില്‍ ഞാന്‍ ഇടപെടും. സര്‍വ്വകലാശാലകളില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അതിലും ഇടപെടും. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയാണ്? രാജ്ഭവന്‍ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ല. അനാവശ്യ നിയമനങ്ങള്‍ നടത്തിയെന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍സ്ഥാനം രാജിവെക്കും. തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കുമോ?’- ഗവര്‍ണര്‍ ചോദിച്ചു.

അതേസമയം, ഗവര്‍ണര്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ‘കേരളത്തില്‍ കേന്ദ്ര ഇടപെടലിനുള്ള അന്തരീക്ഷം ഒരുക്കാനാണു നോക്കുന്നത്. നിയമനിര്‍മാണ സഭയ്ക്കു മേലുള്ള ഒരു കടന്നുകയറ്റവും അനുവദിക്കില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയേ പ്രവര്‍ത്തിക്കാവൂ. ഗവര്‍ണര്‍മാര്‍ സാധാരണ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. എന്നാല്‍, ഇവിടെ രാജ്ഭവനില്‍ പത്രസമ്മേളനം നടത്തുന്നു, മന്ത്രിയെ പിരിച്ചുവിടാന്‍ പറയുന്നു, പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കുന്നു. അതിനെല്ലാം ഇവിടെ സര്‍ക്കാരുണ്ട്. മറിച്ച്, താനാണ് ഇതൊക്കെ ചെയ്യേണ്ട സര്‍വാധികാരിയെന്നു കരുതിയാല്‍ അതു മനസ്സിലിരുന്നാല്‍ മതി’- അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.