കഴിഞ്ഞ പത്തു മാസത്തിനിടെ കശ്മീരിലേക്ക് ഒഴുകിയെത്തിയത് ഒന്നരക്കോടിയിലധികം സഞ്ചാരികള്‍

ശ്രീനഗര്‍: കഴിഞ്ഞ പത്തു മാസത്തിനിടെ കശ്മീരിലേക്ക് എത്തിയത് ഒന്നരക്കോടിയിലധികം വിനോദ സഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. 1.62 കോടി സഞ്ചാരികളാണ് കശ്മീരിലേക്ക് ഒഴുകിയത്. ഇതോടെ കശ്മീരിലെ പ്രാദേശിക ബിസിനസുകള്‍ക്കും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും മികച്ച നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരികയും ടൂറിസത്തിന് മാത്രമായി 786 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ടൂറിസം പദ്ധതികളും പുതിയ പരിഷ്‌കാരങ്ങളും ജമ്മുകശ്മീര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായി. അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മെച്ചപ്പെടുത്തലുകള്‍ക്ക് പുറമെ മെച്ചപ്പെട്ട ക്രമസമാധാനം, സുരക്ഷാ സംവിധാനം, സമാധാന പരിപാലനം എന്നിവ ഉറപ്പാക്കിയുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ഈ മേഖലയിലെ വന്‍ നേട്ടങ്ങളായി.

അതേസമയം, 75 വര്‍ഷത്തിന് ശേഷമാണ് കശ്മീരിലേക്ക് ഇത്രയധികം സഞ്ചാരികളെത്തുന്നത്. കോവിഡ് പ്രതിസന്ധി കാലത്ത് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു.