തിരുവനന്തപുരം: എഡ്യുക്കേഷൻ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഓഫീസ് തിരുവനന്തപുരത്ത് തന്നെ തുടരും. ബൈജൂസിന്റെ തിരുവനന്തപുരം ഡെവലപ്പ്മെന്റ് സെന്റർ ബെംഗളൂരുവിലേക്ക് മാറ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഓഫീസ് മാറ്റാൻ ലക്ഷ്യമിട്ടതെന്നും, മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സെന്റർ തുടരാൻ തീരുമാനമായതോടെ 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയുമെന്നും ബൈജൂ രവീന്ദ്രൻ വ്യക്തമാക്കി.
സ്ഥാപനത്തിന്റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാരെ ബെംഗളൂരു ഓഫീസിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. കുറച്ചുപേരെ പിരിച്ചുവിടാനും കമ്പനി തീരുമാനിച്ചിരുന്നു.
കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. തന്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുവെന്നും തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

