തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തി ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ച് സർക്കാർ. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വിഷയത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഡിവൈഎഫ്ഐ ഉൾപ്പെടെ ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം ഉയർത്തിയത്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടിയത്.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാൻ തീരുമാനിച്ചിരുന്നത്.

