വിഴിഞ്ഞം; സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതിന്റെ ഉദാഹരണം മാത്രം: കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതിന്റെ വെറുമൊരു ഉദാഹരണം മാത്രമാണു വിഴിഞ്ഞത്തു കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. വിഴിഞ്ഞം സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പനും ബിജെപി നേതാവ് വി.വി രാജേഷും ഒന്നിച്ചു വേദി പങ്കിട്ടതില്‍ ഫേസ്ബു്ക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം:

ഒരു വശത്തു ബിജെപിയുടെ നോമിനിയായി വന്ന ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍. അതിനെ നമുക്ക് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം. മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ ബിജെപിയുമായി കൈകോര്‍ത്ത് സമരം. ഇതിന് എന്തു പേരിട്ടു വിളിക്കണമെന്ന് ജനങ്ങള്‍ക്കു തീരുമാനിക്കാം. കാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുത്തുവരുന്നതിന്റെ കേവലം ഒരു ഉഹാരണം മാത്രമാണു വിഴിഞ്ഞത്തു കണ്ടത്.

ഗവര്‍ണര്‍ക്ക് എതിരായ പോരാട്ടം പോലും ബിജെപി സര്‍ക്കാരിന് എതിരെയാണെന്നു വീമ്പിളക്കുന്നവരുടെ തനിനിറമെന്ത് എന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്തു നില്‍ക്കുന്നതു കാണുമ്പോള്‍ കേരളത്തിനു ബോധ്യപ്പെടും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത സംസ്ഥാന സര്‍ക്കാര്‍, സമരസമിതി കലാപത്തിന് കോപ്പു കൂട്ടുന്നുവെന്നു പറയുന്നതിനു പിന്നില്‍ ഒരൊറ്റ കാരണമേയുള്ളു. പണത്തിനു മീതെ ഒരു പൊളിറ്റ്ബ്യൂറോ അംഗവും പറക്കില്ലെന്ന് സിപിഎം എഴുതി ഒപ്പിട്ടുതരുന്ന രാഷ്ട്രീയജീര്‍ണതയാണത്.

കേരളത്തിന്റെ ജനാധിപത്യ -മതേതര ബോധ്യങ്ങളെ അട്ടിമറിച്ചു കൊണ്ട് വര്‍ഗീയ- കോര്‍പറേറ്റ് ശക്തികള്‍ക്കൊപ്പം അണിനിരക്കുക എന്നതാണു സിപിഎം നയമെങ്കില്‍, വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്നതാണു കോണ്‍ഗ്രസ് നയമെന്നു ‘കൂട്ടുകക്ഷികളെ’ ഓര്‍മിപ്പിക്കുന്നു.