തിരുവനന്തപുരം: നിലപാടിൽ അയവു വരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാരുമായുള്ള തർക്കം കോടതി കയറിയതോടെയാണ് ഗവർണർ നിലപാടിൽ അയവു വരുത്തിയത്. വിസിമാരെ പദവിയിൽ നിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിനൊപ്പം, അവരെ നേരിട്ട് കേൾക്കാനും രാജ്ഭവൻ തീരുമാനിച്ചു. ചാൻസലറായ ഗവർണറെ നേരിൽ കണ്ട് ഭാഗം വിശദീകരിക്കണമെന്നുള്ളവർ അക്കാര്യം ഈ മാസം ഏഴിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ വി സിമാർക്ക് കത്ത് നൽകിയിട്ടുണ്ട്.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ 9 സർവകലാശാല വി സിമാർക്ക് അനുവദിച്ച സമയം വ്യാഴാഴ്ചയും രണ്ടു പേർക്കുള്ളത് വെള്ളിയാഴ്ചയും അവസാനിക്കും. രേഖാമൂലം മറുപടി നൽകാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
9 സർവ്വകലാശാലകളിലെ വിസിമാർ രാജി സമർപ്പിക്കണമെന്നാണ് ഗവർണർ നൽകിയിരുന്ന നിർദ്ദേശം. കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, മലയാളം സർവ്വകലാശാല തുടങ്ങിയവിടങ്ങളിലെ വൈസ് ചാൻസർമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

