വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജപ്തി; കോടതി ഇടപെടലിൽ വീടിന്റെ താക്കോൽ തിരികെ നൽകി

തൃശൂർ: വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ വീട് ജപ്തി ചെയ്ത് പെരുവഴിയിലായ തൃശ്ശൂർ മുണ്ടൂർ സ്വദേശി ഓമനയ്ക്ക് വീടിന്റെ താക്കോൽ തിരികെ നൽകാൻ ഉത്തരവിട്ട് കോടതി. തുടർന്ന് ബാങ്ക് അധികൃതർ സീൽ ചെയ്ത വീടിന്റെ താക്കോൽ തിരികെയേൽപ്പിക്കുകയായിരുന്നു. സർക്കാർ റിസ്‌ക് ഫണ്ടിൽ നിന്നും എഴുപത്തി അയ്യായിരം രൂപ ഓമനയ്ക്ക് നൽകാനും തീരുമാനമായി. ബാങ്കിലെ കുടിശ്ശിക അടച്ചു തീർക്കാനായി സാവകാശവും അനുവദിച്ചിട്ടുണ്ട്.

വായ്പയായെടുത്ത ഒന്നരലക്ഷം രൂപ തിരിച്ചടക്കാത്തതിന്റെ പേരിലാണ് തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് അധികൃതരെത്തി ഓമനയുടെ വീട് ജപ്തി ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ബാങ്ക് അധികൃതരുടെ ജപ്തി നടപടി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജപ്തി നടപടി പൂർത്തിയാക്കിയതോടെയാണ് ഓമനയും മക്കളും പെരുവഴിയിലായത്. ഇവർ വീടിന് പുറത്ത് നിൽക്കുന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ സഹകരണ ജോയിന്റ് രജിസ്ട്രാർ നേരിട്ടെത്തി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.

അതേസമയം, എംഎൽഎയുടെയും സഹകരണവകുപ്പ് മന്ത്രിയുടെയും ഇടപെടലിൽ താക്കോൽ തിരികെ ലഭിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും ബാക്കി കുടിശിക ജോലി ചെയ്ത് തിരിച്ചടയ്ക്കുമെന്നും ഓമന പ്രതികരണമറിയിച്ചു. വായ്പയുടെ കുടിശിക തുകയായി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓമന ഇനി തിരികെ അടയ്ക്കാനുള്ളത്.